ഹൈ ജംപിൽ റെക്കാർഡോടെ നേട്ടം
കൊല്ലം: ഹൈ ജംപിൽ 2.12 മീറ്ററിന്റെ പുതിയ മീറ്റ് റെക്കാർഡോടെ സ്വർണ മെഡൽ നേടി ആതിഥേയരായ കൊല്ലത്തിന് അഭിമാനമായി ജോമോൻ ജോയി. ശൂരനാട് സൗത്ത് കക്കാകുന്ന് വീട്ടിൽ ജോയിക്കുട്ടിയുടെയും അങ്കണവാടി ഹെൽപ്പറായ കുഞ്ഞുമോളുടെയും മകനായ ജോമോൻ. നിലവിൽ മുംബയിൽ സെൻട്രൽ റെയിൽവേയിൽ ക്ലാർക്കായി ജോലി നോക്കുകയാണ്.
നാല് വർഷത്തെ കൊല്ലം സായി പരിശീലനത്തിന് ശേഷം ഇപ്പോൾ ബംഗളൂരു സായിയിലാണ് കായിക സ്വപ്നങ്ങൾക്ക് കരുത്തുപകരുന്നത്. 2023ലെ ഖേലോ ഇന്ത്യ അത്‌ലറ്റിക്സിൽ സ്വർണം നേടിയതോടെയാണ് ജോമോൻ ദേശീയ ശ്രദ്ധ നേടിയത്.
2024 ജോമോന്റെ കരിയറിലെ സമാനതകളില്ലാത്ത വർഷമായിരുന്നു. അണ്ടർ 23 ദേശീയ അത്‌ലറ്റിക്സിൽ 2.17 മീറ്റർ ചാടി നാഷണൽ റെക്കാർഡോടെ സ്വർണനേട്ടം കൊയ്ത് താരം നാടിന്റെ കീർത്തി ഉയർത്തി. അതേവർഷം സൗത്ത് സോൺ ചാമ്പ്യൻഷിപ്പിൽ സ്വർണവും, ഓൾ ഇന്ത്യ ചാമ്പ്യൻഷിപ്പിൽ വെള്ളിയും, ഓപ്പൺ നാഷണൽ ചാമ്പ്യൻഷിപ്പിൽ സ്വർണ മെഡലും ജോമോൻ സ്വന്തമാക്കിയിരുന്നു. 2025ലെ കേരള യൂണിവേഴ്സിറ്റി ഇന്റർ കോളേജ് മീറ്റിലും റെക്കോർഡോടെ ടി.കെ.എം കോളേജിന് വേണ്ടി സ്വർണം നേടി മെഡൽ കൊയ്ത്ത് തുടർന്നു. സീനിയർ മീറ്റിലും റെക്കാർഡ് നേട്ടം കൈവരിച്ച ജോമോൻ വരും നാളുകളിൽ രാജ്യത്തിനായി അന്താരാഷ്ട്ര നേട്ടങ്ങൾ സ്വന്തമാക്കണമെന്ന വാശിയിലാണ്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |