മന്ത്രി എ.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ അവലോകന യോഗം
കോഴിക്കോട്: നിപ സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്ന രോഗിയുമായി സമ്പർക്കമുണ്ടായിരുന്ന മൂന്നുപേരുടെ സ്രവ പരിശോധനാഫലം നെഗറ്റീവ്. മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിലാണ് നെഗറ്റീവായതെന്ന് കളക്ടർ എം.എസ് മാധവിക്കുട്ടി ജില്ലയുടെ ചുമതലയുള്ള റവന്യൂ മന്ത്രി എ.പി അനിൽകുമാറിന്റെ നേതൃത്വത്തിൽ ചേർന്ന അവലോകന യോഗത്തിൽ വ്യക്തമാക്കി. പ്രോട്ടോകോൾ പ്രകാരം കാര്യങ്ങൾ ചെയ്യുന്നുണ്ടെന്നും രോഗബാധ സ്ഥിരീകരിച്ച പ്രദേശത്തെ വീടുകൾ ആരോഗ്യ പ്രവർത്തകർ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തുന്നതായും കളക്ടർ അറിയിച്ചു. രോഗിയുടെയും സമ്പർക്കമുള്ളവരുടെയും വിവരങ്ങൾ ചോദിച്ചറിഞ്ഞ മന്ത്രി, അവർക്കാവശ്യമായ എല്ലാ സംവിധാനങ്ങളും ഉറപ്പാക്കാൻ നിർദ്ദേശം നൽകി. ആവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ, മരുന്നുകൾ തുടങ്ങിയവയുടെ ലഭ്യതയും മന്ത്രി ചോദിച്ചറിഞ്ഞു. മുമ്പ് നിപ ബാധയുണ്ടായപ്പോൾ സ്വീകരിച്ച പ്രതിരോധ നടപടികൾ തുടരണമെന്നും മന്ത്രി നിർദേശിച്ചു.
ജില്ലയിൽ സന്ദർശനത്തിനെത്തിയ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐ.സി.എം.ആർ) സംഘവുമായും മന്ത്രി ആശയവിനിമയം നടത്തി.
യോഗത്തിൽ എ.ഡി.എം പി അഖിൽ, പബ്ലിക് ഹെൽത്ത് അഡീഷണൽ ഡയറക്ടർ ഡോ. കെ പി റീത്ത, ഡി.എം.ഒ ഡോ. വി പി രാജേഷ്, മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. സജീത്ത് കുമാർ, വൺ ഹെൽത്ത് സെന്റർ നോഡൽ ഓഫീസർ ഡോ. നവീൻ, ആരോഗ്യ വകുപ്പ്, മറ്റു വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |