SignIn
Kerala Kaumudi Online
Monday, 22 June 2026 6.12 AM IST

സമുദ്രവഴിയിൽ ഇനി ഇന്ത്യയ്ക്ക് ഭീഷണിയില്ല; മൂന്നിരട്ടി കരുത്തുമായി നാവികസേന

indian-navy

ന്യൂഡൽഹി: സമുദ്രത്തിലൂടെയുള്ള ശത്രുക്കളുടെ ആക്രമണങ്ങളെ പ്രതിരോധിക്കാൻ കരുത്ത് വർദ്ധിപ്പിച്ച് ഇന്ത്യൻ നാവിക സേന. ഇന്ത്യയിൽ തദ്ദേശീയമായി നിർമിച്ച ഐഎൻഎസ് ദുനഗിരി, ഐഎൻഎസ് സംശോധക്, ഐഎൻഎസ് അഗ്രേ എന്നീ മൂന്ന് യുദ്ധക്കപ്പലുകൾ ജൂൺ 21ന് കമ്മീഷൻ ചെയ്യുന്നതോടെ സമുദ്രത്തിൽ ഇന്ത്യയുടെ കരുത്ത് ഇരട്ടിയാകും. കൊൽക്കത്തയിലെ ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സ് ആൻഡ് എഞ്ചിനിയേഴ്സ്(ജിആർഎസ്ഇ)ൽ നിർമിച്ച ഈ മൂന്ന് യുദ്ധകപ്പലുകൾ ഒരേസമയം ഭാഗമാകുന്നതോടെ ഇന്ത്യൻ നാവികസേനയുടെ നവീകരണത്തിൽ ഒരു പുതിയ നാഴികക്കല്ല് കൂടിയാണ് കുറിക്കപ്പെടുന്നത്. പ്രതിരോധ രംഗത്ത് സ്വയംപര്യാപ്തത കൈവരിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ കപ്പലുകൾ നിർമ്മിച്ചിരിക്കുന്നത്.

അത്യാധുനിക സൈനിക പ്ലാറ്റ്ഫോമുകൾ വികസിപ്പിക്കുന്നതിൽ ഇന്ത്യൻ കപ്പൽശാലകളുടെ വർദ്ധിച്ചുവരുന്ന പങ്കിനെയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. രാജ്യത്തെ ആഭ്യന്തര കപ്പൽ നിർമാണ വ്യവസായത്തിന്റെ വളർച്ചയെയും ശക്തിയെയും വ്യക്തമാക്കുന്നതാണ് നാവിക സേനയുടെ ഈ സുപ്രധാന ചുവടുവെപ്പ്. പ്രോജക്റ്റ് 17എ യുടെ കീഴിലുള്ള അഞ്ചാമത്തെ സ്റ്റെൽത്ത് ഫ്രിഗേറ്റായ ഐഎൻഎസ് ദുനഗിരിയിൽ ബ്രഹ്മോസ് ഉപരിതല മിസൈലുകൾ ഉൾപ്പെടെ നൂതന ആയുധങ്ങളും സെൻസറുകളും സജ്ജീകരിച്ചിട്ടുണ്ട്. നാവികസേനയുടെ പോരാട്ടശേഷി ഗണ്യമായി വർദ്ധിപ്പിക്കാൻ ഈ യുദ്ധക്കപ്പൽ സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ഐഎൻഎസ് സംശോധക് പ്രതിരോധത്തിനും സിവിലിയൻ ആവശ്യങ്ങൾക്കുമായി തീരദേശ, ആഴക്കടൽ ഹൈഡ്രോഗ്രാഫിക് നിരീക്ഷണങ്ങൾ നടത്തുന്നതിനും സമുദ്രശാസ്ത്രപരവും ഭൂമിശാസ്ത്രപരവുമായ വിവരങ്ങൾ ശേഖരിക്കുന്നതിനുമായി രൂപകൽപ്പന ചെയ്തിട്ടുള്ളതാണ്. ഓട്ടോണമസ് അണ്ടർവാട്ടർ വെഹിക്കിൾസ് ഉൾപ്പെടെയുള്ള നൂതന നിരീക്ഷണ സംവിധാനങ്ങൾ ഈ കപ്പലിലുണ്ട്. ഐഎൻഎസ് അഗ്രേ സമുദ്രത്തിനടിയിലെ ഭീഷണികൾ കണ്ടെത്തുന്നതിനും പ്രതിരോധിക്കുന്നതിനുമായി രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ്. ഭാരം കുറഞ്ഞ ടോർപ്പിഡോകൾ, തദ്ദേശീയ റോക്കറ്റ് ലോഞ്ചറുകൾ, ആഴം കുറഞ്ഞ ജല സോണാർ സംവിധാനങ്ങൾ എന്നിവ ഇതിൽ സജ്ജീകരിച്ചിട്ടുണ്ട്.

നാവികസേനയുടെ യുദ്ധസന്നദ്ധത, സമുദ്ര നിരീക്ഷണം, ഹൈഡ്രോഗ്രാഫിക് ശേഷി എന്നിവ വർദ്ധിപ്പിക്കാൻ ഈ മൂന്ന് അത്യാധുനിക കപ്പലുകളുടെ വരവോടെ സാധിക്കുമെന്നാണ് കരുതുന്നത്. പ്രതിരോധ ഉൽപ്പാദന മേഖലയിലെ 'ആത്മനിർഭർ ഭാരത്' എന്ന കാഴ്ചപ്പാടിന് ഇത് കൂടുതൽ കരുത്ത് പകരുന്നു. തന്ത്രപ്രധാനമായ ഇന്ത്യൻ സമുദ്ര മേഖലയിൽ കൂടുതൽ ശക്തവും കാര്യക്ഷമവും സ്വയംപര്യാപ്തവുമായ ഒരു നാവികസേനയെ കെട്ടിപ്പടുക്കുന്നതിൽ ഈ സംഭാവന ഏറെ നിർണായകമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: INDIA, INS DUNAGIRI, SANSHODHAK, AGRAY, INDIAN NAVY, KOLKATA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360