
ചെന്നൈ: തമിഴ്നാട് ബിജെപി മുൻ അദ്ധ്യക്ഷൻ കെ. അണ്ണാമലൈയുടെ രാജിക്ക് പിന്നാലെ മറ്റൊരു പ്രധാന നേതാവുകൂടി പാർട്ടിയിൽ നിന്ന് പുറത്തേയ്ക്ക്. ബിജെപി തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി സുമതി വെങ്കടേഷ് ആണ് പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നതായി സമൂഹമാദ്ധ്യമത്തിലൂടെ അറിയിച്ചത്.
'ഭാരതീയ ജനതാ പാർട്ടിയുടെ തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി എന്ന നിലയിലുള്ള എന്റെ ഉത്തരവാദിത്തങ്ങളിൽ നിന്ന് കഠിന ഹൃദയത്തോടെ ഞാൻ രാജിവയ്ക്കുകയും പാർട്ടിയുമായുള്ള ബന്ധം അവസാനിപ്പിക്കുകയും ചെയ്യുന്നു. പാർട്ടിയെ സേവിക്കാൻ കഴിഞ്ഞതിൽ വളരെയധികം അഭിമാനമുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വവും ബിജെപി ഉയർത്തിപ്പിടിക്കുന്ന ദേശീയത, ദേശസ്‌നേഹം, രാഷ്ട്രസേവനം എന്നിവയുടെ ആദർശങ്ങളും എന്നെ വളരെയധികം പ്രചോദിപ്പിക്കുന്നു. ഈ മൂല്യങ്ങൾ എന്റെ യാത്രയിലുടനീളം എന്നെ നയിച്ചിട്ടുണ്ട്. അത് തുടരുകയും ചെയ്യും.
ഈ തീരുമാനം ശ്രദ്ധാപൂർവ്വം ആലോചിച്ച ശേഷമാണ് എടുത്തത്. ദുഃഖമില്ലാതെയുമല്ല. പാർട്ടിയിലെ എന്റെ ഭരണകാലത്ത് മാർഗനിർദ്ദേശം, പിന്തുണ, പ്രോത്സാഹനം എന്നിവ നൽകിയതിന് ദേശീയ, സംസ്ഥാന തലങ്ങളിലുള്ള എല്ലാ പാർട്ടി നേതാക്കൾക്കും, ഭാരവാഹികൾക്കും, കാര്യകർത്താക്കൾക്കും നന്ദിയറിയിക്കുന്നു'- എന്നാണ് തമിഴ്‌നാട് ബിജെപി സംസ്ഥാന പ്രസിഡന്റിന് നൽകിയ രാജിക്കത്തിൽ സുമതി വെങ്കടേഷ് വ്യക്തമാക്കിയത്.
ഹിന്ദി പാർട്ടിയായ ബിജെപിക്ക് തമിഴ്നാട്ടിൽ വിജയിക്കാനാകില്ലെന്ന വാദവുമായാണ് കഴിഞ്ഞദിവസം അണ്ണാമലൈ രാജി സമർപ്പിച്ചത്. ഈ വിശ്വാസം മാറ്റാൻ താൻ ശ്രമിച്ചെങ്കിലും വിജയിച്ചില്ലെന്നും രാജിക്കത്തിൽ സൂചിപ്പിച്ചിരുന്നു. അണ്ണാമലൈയുടെ പാർട്ടിയിൽ നിന്നുള്ള രാജി ദേശീയ നേതൃത്വം സ്വീകരിച്ചു. ഡൽഹിയിൽ വിളിച്ചുവരുത്തി അനുനയിപ്പിക്കാൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടതിന് പിന്നാലെയാണ് ദേശീയ അദ്ധ്യക്ഷൻ നിതിൻ നബിൻ രാജി സ്വീകരിച്ച വിവരം പത്രക്കുറിപ്പിലൂടെ അറിയിച്ചത്. പുതിയ പാർട്ടി രൂപീകരിക്കാനുള്ള നീക്കം അണ്ണാമലൈ സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രഖ്യാപിച്ചിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പിൽ മത്സരിക്കും. സ്വന്തം പാർട്ടി എന്ന തീരുമാനത്തിൽ ഉറച്ചുനിന്ന അണ്ണാമലൈ അഞ്ചു പേജുള്ള രാജിക്കത്താണ് കൈമാറിയത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |