
കോഴിക്കോട്: കോഴിക്കോട് പാളയം മാവേലി സ്റ്റോറിൽ തീർന്നുപോയ സാധനങ്ങൾ സ്റ്റോക്കില്ലെന്ന് വിലവിവരപ്പട്ടികയിൽ എഴുതിയതിന്റെ പേരിൽ എൽ.ഡി.എഫ് സർക്കാർ സസ്പെൻഡ് ചെയ്ത ജീവനക്കാരന് അതേ ഔട്ട്ലെറ്റിൽ പുനർനിയമനം. സപ്ലൈകോ സീനിയർ അസിസ്റ്റന്റ് കെ.നിതിനെയാണ് പാളയം ഔട്ട് ലെറ്റ് ഇൻചാർജായി ഇക്കഴിഞ്ഞ പത്തിന് നിയമിച്ച് ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പ് ഉത്തരവിറക്കിയത്. കോടതി ഉത്തരവിനെ തുടർന്നായിരുന്നു നടപടി. പാളയം മാവേലി സ്റ്റോറിൽ ചുമതലയേൽക്കുകയും ചെയ്തു.
നിലവിലെ ഇൻ ചാർജ് ടി.ഷിബിലയെ മാങ്കാവ് സൂപ്പർമാർക്കറ്റിലെ ഇൻ ചാർജായി മാറ്റി. 2025ലാണ് ജൂനിയർ അസിസ്റ്റന്റായിരുന്ന കെ.നിതിനെ സസ്പെൻഡ് ചെയ്തത്. ഇല്ല എന്നു രേഖപ്പെടുത്തിയ വിലവിവരപ്പട്ടികയുടെ ചിത്രം പത്രത്തിൽ പ്രസിദ്ധീകരിച്ചതിനെ തുടർന്നായിരുന്നു സസ്പെൻഷൻ. ഇതിനെതിരെ നിതിൻ കോടതിയെ സമീപിച്ചു. സപ്ലൈകോയെ അപമാനിക്കലല്ലെന്നും സ്റ്റോക്കുള്ളപ്പോൾ ഉണ്ട് എന്ന് എഴുതാമെങ്കിൽ, ഇല്ലാത്തപ്പോൾ 'ഇല്ല' എന്നും എഴുതാമെന്നായിരുന്നു വാദം. ഇതംഗീകരിച്ച കോടതി തിരിച്ചെടുക്കാൻ ഉത്തരവിട്ടെങ്കിലും പാളയത്ത് നിയമനം നൽകാതെ നടക്കാവ് എൽ.പി.ജി യൂണിറ്റിലേക്കായിരുന്നു നിയമനം നൽകിയത്. ജോലിയിൽ പ്രവേശിക്കാതെ നിതിൻ നിയമപോരാട്ടം തുടർന്നു. സാമ്പത്തിക ക്രമക്കേടോ മറ്റ് ബാദ്ധ്യതകളോ ഇല്ലാത്തതിനാൽ പാളയത്ത് തന്നെ നിയമനം നൽകണമെന്ന് കോടതി ഉത്തരവിടുകയായിരുന്നു.
യദു നിയമസഭാ ബസിൽ ഡ്രൈവർ
തിരുവനന്തപുരം: മുൻ മേയർ ആര്യാ രാജേന്ദ്രനുമായി വഴിയിൽ തർക്കമുണ്ടായ സംഭവത്തിൽ ജോലി നഷ്ടമായ കെ.എസ്.ആർ.ടി.സിയിലെ താത്കാലിക ഡ്രൈവർ യദുവിന് നിയമനം നൽകി യു.ഡി.എഫ് സർക്കാർ. നിയമസഭയുടെ ബസ് ഡ്രൈവറായാണ് താത്കാലിക നിയമനം. ജീവനക്കാരെ കൊണ്ടുപോകുന്ന ബസിലാണ് ഡ്യൂട്ടി. ചാണ്ടി ഉമ്മൻ എം.എൽ.എയുടെ ശുപാർശയിലാണ് ജോലി ലഭിച്ചത്. വെള്ളിയാഴ്ച ജോലിയിൽ പ്രവേശിച്ചു.
2024 ഏപ്രിൽ 27ന് രാത്രിയിലായിരുന്നു ബസ് തടഞ്ഞ സംഭവം . ആര്യയും ഭർത്താവ് സച്ചിൻദേവുമടക്കം സഞ്ചരിച്ച സ്വകാര്യ വാഹനം പാളയത്ത് വെച്ച് കെ.എസ്.ആർ.ടി.സി ബസ് തടയുകയും യദുവുമായി വാക്ക് തർക്കമുണ്ടാവുകയും ചെയ്തു. കെ.എസ്.ആർ.ടി.സി ഡ്രൈവർ മോശമായി പെരുമാറിയെന്ന ആര്യയുടെ പരാതിയിൽ കന്റോൺമെന്റ് പൊലീസ് കേസെടുത്തിരുന്നു.
യദുവും ആര്യയ്ക്കെതിരെ പരാതി നൽകിയെങ്കിലും കേസെടുത്തിരുന്നില്ല.യദു കോടതിയെ സമീപിച്ചതോടെ ആര്യയ്ക്കും സച്ചിൻ ദേവിനുമെതിരെ കേസെടുത്തെങ്കിലും പിന്നീട് ഒഴിവാക്കി. ആര്യയുമായുള്ള പ്രശ്നമല്ല യദുവിനെ പുറത്താക്കാനുള്ള കാരണമെന്ന് അന്നത്തെ ഗതാഗതമന്ത്രി ഗണേശ് കുമാർ പറഞ്ഞിരുന്നു. തൃശൂർ മുതൽ തിരുവനന്തപുരം വരെയുള്ള യാത്രയിൽ തുടർച്ചയായി ആറ് മണിക്കൂർ ഇയർ ഫോൺ വെച്ച് ഫോണിൽ സംസാരിച്ചു.
ഇക്കാര്യം തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണർ കോൾ ഡീറ്റെയിൽസ് സഹിതം കെ.എസ്.ആർ.ടി.സിയുടെ സി.എം.ഡിക്ക് സമർപ്പിച്ചു. അതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് ഗണേശ് കുമാർ വിശദീകരിച്ചത്.
ജോലി കിട്ടിയതിൽ സന്തോഷമുണ്ട്. തന്റെ നിസഹായവസ്ഥയും കുടുംബത്തിന്റെ സ്ഥിതിയും കാണിച്ച് സ്പീക്കറിനും നിവേദനം നൽകിയിരുന്നു
യദു.എൽ.എച്ച്
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |