
എം.ടിയ്ക്ക് 50 കോടി സ്മാരകം
കോഴിക്കോട്: മന്ത്രിയില്ലെങ്കിലും വികസന വാഗ്ദാനങ്ങളിലൂടെ ജില്ലയെ ചേർത്തുപിടിക്കുമെന്ന പ്രതീക്ഷയിലായിരുന്നു കോഴിക്കോട്ടുകാർ. പക്ഷേ, ബഡ്ജറ്റ് പ്രഖ്യാപനങ്ങൾ ഉണ്ടാക്കിയത് നിരാശ. ആരോഗ്യം, തുറമുഖം, നഗര നവീകരണം തുടങ്ങി അടിസ്ഥാന സൗകര്യവികസനങ്ങളിലൊന്നും കോഴിക്കോട് പരാമർശിക്കപ്പെട്ടില്ല. വൻകിട പദ്ധതികളോ സ്വപ്ന പദ്ധതികളോ ഇല്ല. വർഷങ്ങളായി പറഞ്ഞുകേൾക്കുന്ന ലെെറ്റ് മെട്രോയ്ക്ക് തുക അനുവദിച്ചതാണ് ഏക ആശ്വാസം. 50 കോടിയുടെ എം.ടി. വാസുദേവൻ നായർ കൾച്ചറൽ പാർക്ക്, ഉരുൾപൊട്ടലിൽ നാശനഷ്ടമുണ്ടായ വിലങ്ങാടിനായി അഞ്ച് കോടിയുടെ പുനരധിവാസ പാക്കേജ്, സൈബർ പാർക്കിനെ മെച്ചപ്പെടുത്താനുള്ള ഇടപെടൽ ഇവയൊക്കെയാണ് പ്രതീക്ഷയ്ക്ക് വകനൽകുന്നത്. സാധാരണക്കാരുടെ ആശ്രയകേന്ദ്രമായ കോഴിക്കോട് മെഡിക്കൽ കോളേജ് വികസനം, ചേവായൂരിലെ അവയവമാറ്റ ആശുപത്രി, കോംട്രസ്റ്റ് നെയ്ത്തുഫാക്ടറി ഏറ്റെടുക്കൽ എന്നിവയൊന്നും ബഡ്ജറ്റിലില്ല. യുനസ്കോയുടെ സാഹിത്യ നഗര പദവി ലഭിച്ച ഇന്ത്യയിലെ ആദ്യ നഗരത്തെ ബഡ്ജറ്റിൽ അവഗണിച്ചതിന്റെ പ്രതിഷേധത്തിലാണ് സാഹിത്യ ലോകം. കാർഷിക മേഖലയ്ക്കും കാര്യമായ പരിഗണനയില്ല. നിപ, ഷിഗെല്ല തുടങ്ങിയ പകർച്ചവ്യാധികൾ ഇടക്കിടെ റിപ്പോർട്ട് ചെയ്യുന്ന ജില്ലയായിട്ടും ആരോഗ്യ മേഖലയ്ക്ക് വേണ്ടത്ര കരുതലുണ്ടായില്ല.
മെട്രോ വഴി കുതിക്കാം
അടിസ്ഥാന സൗകര്യ വികസനവും സുഗമമായ പൊതുഗതാഗതവും ലക്ഷ്യം വെച്ചാണ് ലൈറ്റ് മെട്രോ നടപ്പിലാക്കുക. പദ്ധതിയുടെ പ്രാരംഭ പ്രവർത്തനങ്ങൾക്കായി 20 കോടി വകയിരുത്തി. കോഴിക്കോട് നഗരത്തിലെ ഗതാഗത സംവിധാനങ്ങൾ ഏകോപിപ്പിക്കുന്നതിനായി തിരുവനന്തപുരത്തിനൊപ്പം കോഴിക്കോടും യൂണിഫൈഡ് മെട്രോപോളിറ്റൻ ട്രാൻസ്പോർട്ട് അതോറിറ്റി (യുടിഎംഎ) സ്ഥാപിക്കുമെന്നും ബഡ്ജറ്റിലുണ്ട്.
'എം.ടി. വാസുദേവൻ നായർ
കൾച്ചറൽ പാർക്ക് ' 50 കോടി
കലാ-സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനായി നഗരത്തിൽ എം.ടി. വാസുദേവൻ നായരുടെ പേരിൽ അന്താരാഷ്ട്ര നിലവാരത്തിൽ കൾച്ചറൽ പാർക്ക് സ്ഥാപിക്കും. 50 കോടി രൂപയാണ് ഇതിനായി വകയിരുത്തിയത്. പാർക്ക് നടത്തിപ്പിനായി പ്രത്യേക 'കൾച്ചറൽ-ടൂറിസം ട്രസ്റ്റ്' രൂപീകരിക്കും. കഥകളി, കൂത്ത്, തെയ്യം, ഒപ്പന, മാപ്പിളപ്പാട്ട്, ഗോത്രകലകൾ എന്നിവ അവതരിപ്പിക്കാനുള്ള വേദികൾ, പുതിയ തലമുറയിലെ (ജെൻസി) കുട്ടികൾക്കായി ഷോർട്ട് ഫിലിം, ഡോക്യുമെന്ററി പ്രദർശന സൗകര്യങ്ങൾ, സിനിമാ തിയറ്ററുകൾ, ലൈബ്രറി, ആർട്ട് ഗാലറി, ചരിത്ര-സാഹിത്യ മ്യൂസിയങ്ങൾ, പ്രശസ്ത എഴുത്തുകാരുടെയും പ്രതിഭകളുടെയും ശബ്ദ മ്യൂസിയം, കുടുംബമായി സമയം ചെലവഴിക്കാനുള്ള ഇടങ്ങൾ, ഫുഡ് കോർട്ടുകൾ, ബുക്ക് ഷോപ്പുകൾ, ടൂറിസ്റ്റ് ഗസ്റ്റ് ഹൗസുകൾ എന്നിവ ഉൾപ്പെടുന്ന പാർക്കാണ്.
ഐടി മേഖലയ്ക്ക് ഉണർവ്
സൈബർ പാർക്കിനെ കൊച്ചി ഇൻഫോപാർക്ക്, തിരുവനന്തപുരം ടെക്നോപാർക്ക് എന്നിവയുടെ നിലവാരത്തിലേക്ക് ഉയർത്താനാവശ്യമായ വികസന നടപടികൾ സ്വീകരിക്കും. ഇതോടെ മലബാറിലെ ഐടി മേഖലയ്ക്ക് കൂടുതൽ നിക്ഷേപങ്ങളും തൊഴിലവസരങ്ങളും ലഭ്യമാകും.
അന്താരാഷ്ട്ര മാരിടൈം മ്യൂസിയം
ബേപ്പൂർ ഉരു നിർമ്മാണ പാരമ്പര്യവും വിഴിഞ്ഞം തുറമുഖം വരെയുള്ള കേരളത്തിന്റെ സമ്പന്നമായ സമുദ്ര യാത്ര ചരിത്രം കോർത്തിണക്കി 50 കോടി രൂപ ചെലവിൽ അന്താരാഷ്ട്ര മാരിടൈം മ്യൂസിയം സ്ഥാപിക്കും.
വിലങ്ങാട് പ്രതീക്ഷിച്ചത്
100 കോടി കിട്ടിയത് 5 കോടി
കോഴിക്കോട്: ഉരുൾപൊട്ടൽ ദുരിതമനുഭവിക്കുന്ന ആദിവാസി മേഖല കൂടിയായ വിലങ്ങാടിന്റെ പുനരധിവാസത്തിന് ബഡ്ജറ്റിൽ നൂറു കോടി രൂപ പ്രതീക്ഷിച്ചെങ്കിലും വകയിരുത്തിയത് അഞ്ച് കോടി . 108 കോടിയുടെ പ്രൊപ്പോസൽ എം.എൽ.എ നൽകിയിരുന്നതായാണ് വിവരം.
നൂറു കോടിയെങ്കിലും കിട്ടുമെന്ന് പ്രചാരണവുമുണ്ടായി. അനുവദിച്ച അഞ്ച് കോടി തീരെ അപര്യാപ്തമെന്നാണ് ദുരിതബാധിതർ പറയുന്നത്. 2024ലെ ഉരുൾപൊട്ടലിൽ തകർന്ന ചെറുതും വലുമായ പാലങ്ങളുടെ പുനർനിർമ്മാണത്തിന് മാത്രം 10 കോടിയിലധികം വേണ്ടിവന്നേക്കും. കുറ്റല്ലൂർ, വായാട് പാലങ്ങൾ തകർന്നിരുന്നു. രണ്ടും ആദിവാസികൾക്കും പ്രയോജനപ്പെടുന്നതാണ്. ഉരുട്ടി പാലവും തകർന്നെങ്കിലും ഇത് 32 കോടിയുടെ മലയോര ഹെെവേ പദ്ധതിയിൽ ഉൾപ്പെട്ടിട്ടുള്ളത് ആശ്വാസമാണ്. കൃഷിയും വീടും കച്ചവട സ്ഥാപനങ്ങളും ഒലിച്ചുപോയതിനെ തുടർന്ന് കർഷകർക്ക് കോടികളുടെ നഷ്ടമാണുണ്ടായത്. തകർന്ന വീടുകളും കച്ചവട സ്ഥാപനങ്ങളും അടിസ്ഥാന സൗകര്യങ്ങളും പുനർനിർമ്മിക്കാൻ ഉദ്ദേശിച്ചുള്ളതാണ് വിലങ്ങാട് പാക്കേജ്. കാർഷിക മേഖലയുടെ പുനരുജ്ജീവനവും പ്രകൃതി ദുരന്തങ്ങളെ അതിജീവിക്കാനുള്ള മാതൃക സൃഷ്ടിക്കൽ തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു.
വിലങ്ങുതടിയായി നിർമ്മാണ വിലക്ക്
വീട് നഷ്ടപ്പെട്ട 38 ലധികം പേർ ഇപ്പോഴും ലിസ്റ്റിലില്ല. നാല് കുടുംബങ്ങൾക്ക് സർക്കാരിന്റെ നിബന്ധനകളെ തുടർന്ന് പൂർത്തിയായ വീട് ഉപയോഗിക്കാനാവുന്നില്ല. മൂന്ന് വ്യാപാരികൾക്ക് 18,000 രൂപയുടെ ധനസഹായം ലഭിച്ചു. മറ്റുള്ളവർക്ക് കിട്ടിയിട്ടില്ല. 203 കർഷകരെ മാത്രമാണ് ആശ്വാസ നടപടിയിൽ ഉൾക്കൊള്ളിച്ചത്. നിരവധി കർഷകർക്ക് നഷ്ടപരിഹാരം ലഭിക്കാത്തതിനാൽ കൃഷിയിറക്കാനോ, ഭൂമി കൈമാറ്റം ചെയ്യാനോ കഴിയുന്നില്ല. വാണിമേൽ പഞ്ചായത്തിലെ വിലങ്ങാട്, 9, 10, 11, നരിപ്പറ്റ മൂന്നാം വാർഡ് എന്നിവിടങ്ങളിലെ നിർമ്മാണ വിലക്കും വിനയാകുന്നു. ഇത് നീക്കാനാവില്ലെന്നാണ് ജില്ല കളക്ടർ പറയുന്നത്. എൻ.ഐ.ടിയോട് ഒരിക്കൽ കൂടി സർവേ നടത്താൻ ആവശ്യപ്പെടുമെന്നും കളക്ടർ പറഞ്ഞു.
ചുരം കയറി പ്രതീക്ഷ
കൽപ്പറ്റ: വയനാടിന്റെ വളർച്ചയ്ക്ക് വെളിച്ചം പകർന്ന് ബഡ്ജറ്റ്. പതിറ്റാണ്ടുകളായി ആവശ്യപ്പെടുന്ന പല പദ്ധതികൾക്കും ചിറകുമുളയ്ക്കുന്നതാണ് പ്രഖ്യാപനങ്ങൾ. ട്രൈബൽ യൂണിവേഴ്സിറ്റി പ്രഖ്യാപനമാണ് ഏറെ ശ്രദ്ധേയം. ആദിവാസി ജനവിഭാഗങ്ങൾ കൂടുതലായി അധിവസിക്കുന്ന വയനാടിന്റെ മുഖം മാറും ഈ പ്രഖ്യാപനത്തിലൂടെ. നിലമ്പൂർ നഞ്ചങ്കോട് റെയിൽപാത, നിർദിഷ്ട മേപ്പാടി- പോത്തുകല്ല് നിലമ്പൂർ ബദൽ പാത, സുൽത്താൻ ബത്തേരി ആർട്സ് ആൻഡ് സയൻസ് കോളേജ്, വയനാട് മെഡിക്കൽ കോളേജ്, മനുഷ്യവന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള പദ്ധതികൾ എന്നിവയാണ് പ്രതീക്ഷ നൽകുന്ന പ്രഖ്യാപനങ്ങൾ. ആദിവാസികളുടെ ഉന്നമനം ലക്ഷ്യമാക്കി ട്രൈബൽ ഹെൽത്ത് ക്ലസ്റ്റർ ആദിവാസികളുടെ സാമൂഹികവും ആരോഗ്യപരവുമായ പ്രശ്നങ്ങൾക്ക് പരിഹാരം കാണും.
മേപ്പാടി- നിലമ്പൂർ ബദൽ പാത
വയനാട്- മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്നതിനായി പതിറ്റാണ്ടുകൾക്ക് മുൻപ് ആവിഷ്കരിച്ച മേപ്പാടി- നിലമ്പൂർ പാതയ്ക്ക് തുക വകയിരുത്തിയത് പ്രതീക്ഷ നൽകുന്നതാണ്. പോത്തുകല്ല്ചൂരൽമല റോഡിൽ ഒരു കിലോമീറ്ററോളം വരുന്ന തുരങ്ക പാത നിർമാണത്തിനാണ് തുക വകയിരുത്തിയിട്ടുള്ളത്. കള്ളാടി- ആനക്കാംപൊയിൽ തുരങ്കപാതയും മേപ്പാടി- നിലമ്പൂർ പാതയും യാഥാർത്ഥ്യമാവുകയാണെങ്കിൽ വയനാടിന് സ്വപ്നതുല്യമായ കുതിപ്പാകും ഉണ്ടാവുക. താമരശ്ശേരി ചുരവും നാടുകാണി ചുരവും ഒഴിവാക്കി വയനാട്ടിൽ നിന്ന് മലപ്പുറത്തേക്കും പിന്നീട് പാലക്കാട്, തമിഴ്നാട് എന്നിവിടങ്ങളിലേക്കും എളുപ്പമാർഗം എന്ന നിലയിലാണ് പദ്ധതി.
വയനാട് റെയിൽപാതയ്ക്ക് പച്ചക്കൊടി
വയനാട്- നഞ്ചൻകോട്- നിലമ്പൂർ റെയിൽപാതയുടെ അന്തിമ ഡി.പി.ആർ. തയ്യാറാക്കാൻ തുക വകയിരുത്തിയത് പ്രതീക്ഷയാകുന്നു. 1881ൽ ബ്രിട്ടീഷ് ഭരണകാലത്ത് നിർദേശിക്കപ്പെട്ട പദ്ധതിയാണ്. ഈ വർഷം ജനുവരിയിൽ 'മെട്രോമാൻ' ഇ. ശ്രീധരൻ റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിനെ കണ്ടിരുന്നു. വയനാട് എം.പി പ്രിയങ്ക ഗാന്ധി റെയിൽപാതയ്ക്കായി ഇടപെടൽ നടത്തിയിട്ടുണ്ട്. പദ്ധതി യാഥാർഥ്യമായാൽ കൊച്ചി ബംഗളൂരു യാത്ര 11 മണിക്കൂറിൽ നിന്ന് 7 മണിക്കൂറായി കുറയും. വയനാട്ടിൽ നിന്ന് നേരിട്ട് മൈസൂരു, ബെംഗളൂരു എന്നിവിടങ്ങളിലേക്ക് റെയിൽ ബന്ധം എളുപ്പമാകും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |