SignIn
Kerala Kaumudi Online
Saturday, 20 June 2026 2.46 AM IST

മാറാൻ മലപ്പുറം സൂപ്പർ സ്‌പെഷ്യാലിറ്റിയും കാൻസർ സെന്ററും

news

മലപ്പുറം: യു.ഡി.എഫ് സർക്കാരിന്റെ സംസ്ഥാന ബഡ്ജറ്റിൽ ജില്ലയിലെ ആരോഗ്യ മേഖല, റോഡ്-പാലം വികസനം എന്നിവയ്ക്ക് പുറമെ കലാ-കായിക-സാംസ്‌കാരിക രംഗങ്ങളിലെ അടിസ്ഥാന സൗകര്യ വികസനത്തിനും മുൻഗണന നൽകിക്കൊണ്ടുള്ള പ്രഖ്യാപനങ്ങൾ ഇടംപിടിച്ചു. മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പർ സ്‌പെഷ്യാലിറ്റി ജനറൽ ആശുപത്രിയായി ഉയർത്താനും ജില്ലയിൽ ആധുനിക രീതിയിലുള്ള കാൻസർ സെന്റർ സ്ഥാപിക്കുന്നതിനും പരിഗണന നൽകിയതാണ് ജില്ലയിൽ അനുവദിച്ച പദ്ധതികളിൽ ഏറ്റവും പ്രധാനം.

ആരോഗ്യം

മലപ്പുറം താലൂക്ക് ആശുപത്രിയെ സൂപ്പർ സ്‌പെഷ്യാലിറ്റി ജനറൽ ആശുപത്രിയായി ഉയർത്തുന്നതിനും കെട്ടിടം നിർമ്മിക്കുന്നതിനുമുള്ള പ്രാഥമിക ചെലവുകൾക്കായി അഞ്ച് കോടി രൂപ ബഡ്ജറ്റിൽ വകയിരുത്തി. മലപ്പുറത്ത് ആധുനിക രീതിയിലുള്ള കാൻസർ സെന്റർ സ്ഥാപിക്കുന്നതിനുള്ള പ്രാഥമിക ചെലവുകൾക്കായി 10 കോടിയും വകയിരുത്തി. ശോചനീയാവസ്ഥയിൽ തുടരുന്ന മഞ്ചേരി മെഡിക്കൽ കോളേജിലെ അടിസ്ഥാന സൗകര്യ വികസനം, ജീവനക്കാർ, ഉപകരണങ്ങൾ എന്നിവ വർദ്ധിപ്പിക്കാൻ നടപടി സ്വീകരിക്കും.

തീരദേശ-ജലവിഭവം

പൊന്നാനി തീരദേശ സംരക്ഷണ ഭിത്തി നിർമ്മാണത്തിനായി മൂന്ന് കോടി വകയിരുത്തി. നിർമ്മാണത്തിന് ആവശ്യമായി വരുന്ന ബാക്കി തുക നബാർഡ് അടക്കമുള്ള സ്ഥാപനങ്ങളിൽ നിന്നും സ്വീകരിക്കും. കൂട്ടായി-മംഗലം പ്രദേശങ്ങളെ ബന്ധിപ്പിക്കുന്ന കൂട്ടായി റഗുലേറ്റർ കം ബ്രിഡ്ജ് നാല് വർഷമായി തകർന്നു കിടക്കുകയാണ്. രണ്ട് പ്രധാന കരകളെ ബന്ധിപ്പിക്കുന്ന ഈ പാലത്തിന്റെ പുനരുദ്ധാരണത്തിനായി അഞ്ച് കോടി വകയിരുത്തി. കൊടുമുടി-തിരുവേഗപ്പുറ സമാന്തര പാലം നിർമ്മാണത്തിന് അഞ്ച് കോടി, തുവ്വൂരിൽ മാതോത്ത് പാലം നിർമ്മാണത്തിന് ഏഴ് കോടി അനുവദിച്ചു.

വിദ്യാഭ്യാസം

നിലമ്പൂർ ഗവ.കോളേജ് സ്വന്തം കെട്ടിടത്തിന് ഒരു കോടി രൂപ വകയിരുത്തി. 2017ൽ ആരംഭിച്ച നിലമ്പൂർ ഗവ.ആർട്സ് ആൻഡ് സയൻസ് കോളേജ് പൂക്കോട്ടുംപാടത്തിന് അടുത്താണ് ഇപ്പോഴും പ്രവർത്തിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങളിലടക്കം പ്രതിസന്ധി നേരിടുന്ന കോളേജിന്റെ കാലങ്ങളായുള്ള സ്വപ്നമാണ് സാക്ഷാത്ക്കരിക്കാൻ പോവുന്നത്. ന്യൂനപക്ഷ ക്ഷേമം ലക്ഷ്യമിട്ട് കാലിക്കറ്റ് സർവകലാശാലയുടെ കീഴിൽ ഒരു ന്യൂനപക്ഷ റിസേർച്ച് ഇൻസ്റ്റിറ്റ്യൂട്ട് സ്ഥാപിക്കുന്നതുൾപ്പെടെയുള്ള 11 പദ്ധതികൾക്കായി 77.91 കോടി രൂപ വകയിരുത്തി. മലപ്പുറത്ത് എജ്യുക്കേഷണൽ കോംപ്ലക്സിന് ഒരുകോടി, മലപ്പുറം ഗവ.കോളേജിൽ ലേഡീസ് ഹോസ്റ്റലിന് ഒരുകോടി, മേൽമുറി അധികാരത്തൊടി ജി.എം.യു.പി സ്കൂളിനെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർത്താൻ രണ്ട് കോടി, ഒഴുകൂർ ജി.എം.യു.പി സ്കൂൾ കെട്ടിട നിർമ്മാണത്തിന് മൂന്ന് കോടി അനുവദിച്ചു.

ഗതാഗതം

ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ പെരിന്തൽമണ്ണ മണ്ഡലത്തിലെ ഓരാടംപാലം-മാനത്ത് മംഗലം ബൈപ്പാസ് റോഡ് നിർമ്മാണത്തിന്റെ ഭാഗമായി പ്രഥമഘട്ട സ്ഥലമെടുപ്പ് പൂർത്തിയാക്കുന്നതിന് 10 കോടി വകയിരുത്തി. വാണിയമ്പലം റെയിൽവേ മേൽപ്പാലം നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടികൾക്കായി അഞ്ച് കോടി വകയിരുത്തി. നിലമ്പൂർ റോഡ്-വയനാട് പാക്കേജിൽ ഉൾപ്പെടുത്തി മൈസൂർ-നഞ്ചൻകോട് റോഡ് (നിലമ്പൂർ റോഡ്) നിർമ്മിക്കുന്നതിനുള്ള പ്രാരംഭ നടപടിക്കായി രണ്ട് കോടി വകയിരുത്തി. പുഞ്ചക്കൊല്ലി-അളക്കൽ ഉന്നതിയിൽ പുന്നപ്പുഴയ്ക്ക് കുറുകെ പുഞ്ചക്കൊല്ലി പാലം പണിയുന്നതിന് ഒരുകോടി വകയിരുത്തി.

എൻ.എച്ച് 66ലെ കോഹിനൂരിൽ നിന്നും കോഴിക്കോട് വിമാനത്താവളത്തിലേക്ക് ഒരു എലിവേറ്റഡ് ഹൈവേ നിർമ്മിക്കുന്നതിനുള്ള സാദ്ധ്യതാ പഠനത്തിനായി ഒരുകോടി വകയിരുത്തി. അങ്ങാടിപ്പുറം-മലപ്പുറം-കരിപ്പൂർ എയർപോർട്ട് നാലുവരിപ്പാതയ്ക്ക് നാല് കോടി, മലപ്പുറം-കോട്ടക്കൽ-തിരൂർ റോഡ് നാലുവരി പാതയാക്കാൻ അഞ്ച് കോടി അനുവദിച്ചു.

കണ്ണംകുളം-കണ്ണങ്കടവ്-മുക്കിലപ്പീടിക-വായനശാല റോഡ്, ലിങ്ക് പൂക്കാട്ടിരി-റെയിൽവേ സ്റ്റേഷൻ റോഡ്, കഞ്ഞിപ്പുര-കാടാമ്പുഴ-വട്ടപ്പറമ്പ് റോഡ്, ചെമ്പി-പരിതി റോഡ്, വെട്ടിച്ചിറ-ചേലക്കുത്ത്-രണ്ടത്താണി റോഡ്, കൊടുമുടി പുറമണ്ണൂർ വെങ്ങാട് റോഡ് എന്നിവ റബ്ബറൈസ് ചെയ്യാൻ രണ്ട് കോടി വീതം അനുവദിച്ചു. വണ്ടൂർ-കാരിക്കുണ്ട്-പുളിക്കൽ ബൈപ്പാസ് റോഡ് നിർമ്മാണത്തിന് അഞ്ച് കോടി, ബി.എം ആന്റ് ബി.സി ചെയ്ത് നവീകരണ പ്രവൃത്തി നടത്തുന്നതിന് കേരള-മഞ്ഞൾപ്പാറ-ആർത്തല റോഡ്, പൊങ്ങല്ലൂർ-മില്ലുംപടി റോഡ്, പുളിക്കോട്-കോട്ടക്കുന്ന്-ഐ.പി.പി സെന്റർ-പൂത്രക്കോവ് റോഡ്, ചോക്കാട്-പെടയന്താൾ-ടി.കെ നഗർ റോഡ്, കറുത്തേനി-പൂങ്ങോട്-കാവുങ്ങൽ-അസൈനാർപ്പടി റോഡ് എന്നിവയ്ക്ക് ഒരുകോടി വീതം വകയിരുത്തി. ചെമ്മാട് ടൗണിൽ ഭൂമി ഏറ്റെടുത്ത് റോഡ് വീതി കൂട്ടി നവീകരിക്കാനുള്ള സാദ്ധ്യതാ പഠനം നടത്താൻ 25 ലക്ഷം, എടരിക്കോട് പഞ്ചായത്തിലെ പറമ്പിലങ്ങാടി കുട്ടാട്ടുപാറ റോഡ് വീതി കൂട്ടി ഫുൾ ടാറിംഗും വെള്ളം കുത്തി ഒഴുകുന്ന ഭാഗത്ത് കോൺക്രീറ്റ് ചെയ്യാനും 1.5 കോടിയും അനുവദിച്ചു.

കല, കായികം

മലപ്പുറം ജില്ലയിലെ സാംസ്‌ക്കാരിക നഗരമായ പൊന്നാനിയുടെ ചരിത്രവും പാരമ്പര്യവും ഉയർത്തിക്കാണിക്കുക ലക്ഷ്യമിട്ട് പൊന്നാനി കേന്ദ്രമാക്കി മലബാർ തിണ്ടീസ് കൾച്ചറൽ ബിനാലെ സംഘടിപ്പിക്കും. ചിത്രകാരനും ശില്പിയുമായ ആർട്ടിസ്റ്റ് നമ്പൂതിരിയുടെ സ്മരണക്കായി കൾച്ചറൽ സെന്ററും മ്യൂസിയവും ആരംഭിക്കുന്നതിന് ഒരുകോടി അനുവദിച്ചു.
ഫുട്‌ബോൾ ആരാധകരുടെ ആവേശം മുൻനിറുത്തി അന്താരാഷ്ട്ര നിലവാരത്തിലുള്ളതും ആധുനിക സൗകര്യങ്ങളോട് കൂടിയതുമായ ഫുട്‌ബോൾ സ്റ്റേഡിയം 50 കോടി രൂപ ചെലവിൽ നിർമ്മിക്കും.

സുരക്ഷ

എടപ്പാൾ ഉൾപ്പെടുന്ന പ്രദേശത്ത് നിലവിൽ പൊലീസ് സ്റ്റേഷനില്ല. ഇവരുടെ സുരക്ഷയും നിയമപാലനവും കൈകാര്യം ചെയ്യുന്നത് ചങ്ങരംകുളം, വളാഞ്ചേരി, കൽപ്പകഞ്ചേരി പൊലീസ് സറ്റേഷനുകളിലാണ്. ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണുന്നതിനായി എടപ്പാളിൽ പൊലീസ് സ്റ്റേഷൻ നിർമ്മിക്കും. വള്ളിക്കുന്ന് മണ്ഡലത്തിലെ ചേളാരിയിൽ ഫയർ സ്റ്റേഷൻ സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കും.

മറ്റ് പദ്ധതികൾ

മലപ്പുറം സിവിൽ സ്റ്റേഷനിൽ 10 നിലകളിലുള്ള റവന്യൂ ടവർ നിർമ്മിക്കാൻ ഏഴ് കോടി, മലപ്പുറത്ത് സ്‌കിൽ ഡവലപ്പ്‌മെന്റ് ട്രെയിനിംഗ് സെന്ററിന് 4..5 കോടി, മലപ്പുറം-കോട്ടപ്പടി ടൗൺ ആധുനികവൽക്കരിക്കാൻ രണ്ട് കോടി, കോട്ടക്കുന്ന് ടൂറിസം വികസനത്തിന് രണ്ട് കോടി,​ കോട്ടക്കൽ ടൗണിൽ ഡ്രൈനേജ്, നടപ്പാത, ഡിവൈഡർ നിർമ്മാണം എന്നിവയ്ക്ക് രണ്ട് കോടി, എടയൂർ പഞ്ചായത്ത് ഓഫീസിന്റെ പുതിയ കെട്ടിട നിർമ്മാണത്തിന് ഒരുകോടി അനുവദിച്ചു.

കഴിഞ്ഞ ബഡ്ജറ്റിലുള്ളവ അതുപോലെ ആവർത്തിക്കപ്പെട്ട ബഡ്ജറ്റാണിത്. ക്ഷേമ പെൻഷൻ 2,000ത്തിൽ നിന്ന് 3,000 ആക്കുമെന്ന് പ്രഖ്യാപിച്ചവർ അതിനെക്കുറിച്ച് ഒരു വരിയും പറഞ്ഞില്ല. ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കരണം എന്നതിനെക്കുറിച്ച് ഒരു വാക്കും സൂചിപ്പിച്ചിട്ടില്ല.

വി.പി.അനിൽ, സി.പി.എം മലപ്പുറം ജില്ലാ സെക്രട്ടറി

പ്രധാന പദ്ധതികൾ

മലപ്പുറം താലൂക്ക് ആശുപത്രി - അഞ്ച് കോടി

കാൻസർ സെന്റർ- 10 കോടി

ഓരാടംപാലം-മാനത്ത് മംഗലം ബൈപ്പാസ് - 10 കോടി

വാണിയമ്പലം റെയിൽവേ മേൽപ്പാലം- അഞ്ച് കോടി

പൊന്നാനി തീരദേശ സംരക്ഷണ ഭിത്തി - മൂന്ന് കോടി

കൂട്ടായി റഗുലേറ്റർ കം ബ്രിഡ്ജ്- അഞ്ച് കോടി

നിലമ്പൂർ ഗവ.കോളേജ്- ഒരുകോടി

മലപ്പുറം സിവിൽ സ്റ്റേഷനിൽ റവന്യൂ ടവർ - ഏഴ് കോടി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, MALAPPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL