
വിതുര: വാമനപുരം നദിയിൽ വിതുര പഞ്ചായത്തിലെ താവയ്ക്കൽ കടവിൽ മുങ്ങി മരണങ്ങൾ തുടർക്കഥയാകുന്നു. കുളിക്കുന്നതിനിടയിൽ അനവധി പേരുടെ ജീവൻ പൊലിഞ്ഞിട്ടുണ്ട്. നിരവധി മരണങ്ങൾ നടന്നിട്ടും സുരക്ഷാനടപടികളൊന്നും അധികൃതർ സ്വീകരിച്ചിട്ടില്ല. കഴിഞ്ഞ മാസം 21നാണ് ടെക്നോപാർക്ക് ഉദ്യോഗസ്ഥ മണക്കാട് സ്വദേശി അനുപമ (26) കൂട്ടുകാരിയെ രക്ഷപ്പെടുത്തുന്നതിനിടെ നദിയിൽ ഒഴുക്കിൽപ്പെട്ട് മരണപ്പെട്ടത്.
കഴിഞ്ഞ വർഷം ജൂണിൽ കുളിക്കുന്നതിനിടയിൽ പത്തംഗസംഘത്തിൽപ്പെട്ട തമിഴ്നാട് സ്വദേശി മോഹൻരാജ്(25) ഇവിടെ മുങ്ങിമരിച്ചിരുന്നു. സമാനമായ അനവധി മുങ്ങിമരണങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്. മനോഹരമായ വെള്ളച്ചാട്ടമായതിനാൽ യുവസംഘങ്ങൾ ഇവിടെ കുളിക്കാനെത്താറുണ്ട്. ധാരാളം ടൂറിസ്റ്റുകളും ഇവിടെയെത്താറുണ്ട്. പൊൻമുടിയിലെത്തുന്ന സഞ്ചാരികൾ താവയ്ക്കലും സന്ദശിക്കാറുണ്ട്.
ഓരോവർഷം കഴിയുംതോറും ടൂറിസ്റ്റുകളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. മേഖലയിൽ ധാരാളം മണൽകയങ്ങളും വഴുവഴുക്കൻ പാറകളുമുണ്ട്. വെള്ളച്ചാട്ടത്തിനടിയിലെ കുഴിയിൽ പതിച്ചാണ് കൂടുതലും മുങ്ങിമരണങ്ങൾ നടക്കുന്നത്. അനവധി പേരെ താവയ്ക്കൽ സ്വദേശികൾ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഇവിടെ പാലം നിർമ്മിച്ചിട്ടില്ലാത്തതിനാൽ നദി നീന്തിക്കടന്നാണ് നാട്ടുകാർ അക്കരെ പോകുന്നത്. ഇതിനിടയിൽ ഒഴുക്കിൽപ്പെട്ടും മരണങ്ങളുണ്ടായിട്ടുണ്ട്.
10വർഷം, 12മരണം
താവയ്ക്കൽ കടവിൽ 10വർഷത്തിനിടയിൽ 12ജീവനാണ് പൊലിഞ്ഞത്. ഇതിൽ കൂടുതലും യുവാക്കളാണ്. 4 വിദ്യാർത്ഥികളും മരിച്ചിട്ടുണ്ട്. കുളിക്കുന്നതിനിടയിൽ കയത്തിൽ പതിച്ചാണ് കൂടുതലും അപകടങ്ങൾ നടന്നത്.
നദിയിൽ കല്ലാർ മുതൽ താവയ്ക്കൽ വരെയുള്ള ഭാഗത്താണ് അടിക്കടി മുങ്ങിമരണങ്ങൾ നടക്കുന്നത്. കല്ലാറിൽ മേഖലയിൽ കാൽ നൂറ്റാണ്ടിനിടയിൽ നൂറിൽ പരം പേരാണ് മുങ്ങിമരിച്ചിട്ടുള്ളത്. പൊൻമുടി, ബോണക്കാട് വനമേഖലയിൽ മഴ ശക്തിപ്രാപിക്കുമ്പോൾ താവയ്ക്കൽ നദിയും നിറഞ്ഞൊഴും. മഴക്കാലത്ത് ഒഴുക്കിൽപ്പെട്ട് അനവധി അപകടങ്ങളാണ് താവയ്ക്കലിൽ നടക്കുന്നത്.
സുരക്ഷയൊരുക്കണം
കല്ലാർ മേഖലയിൽ സുരക്ഷാസംവിധാനങ്ങൾ ശക്തിപ്പെടുത്തിയതോടെ മുങ്ങിമരണങ്ങൾ കുറഞ്ഞുതുടങ്ങി. താവയ്ക്കലിൽ സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയിട്ടില്ല. ഗൈഡുകളെ നിയമിക്കുമെന്ന പ്രഖ്യാപനവും നടപ്പായില്ല.
ബലിക്കടവ്
താവയ്ക്കൽ പ്രസിദ്ധമായ ബലിക്കടവ് കൂടിയാണ്. ആയിരക്കണക്കിനാളുകളാണ് വിതുര, തൊളിക്കോട് പഞ്ചായത്തുകളിൽ നിന്നും ഇവിടെ പിതൃതർപ്പണത്തിനായി എത്താറുള്ളത്. ബലിയിടുന്നതിനിടയിലും ഒഴുക്കിൽപ്പെട്ട് അപകടങ്ങളുണ്ടായിട്ടുണ്ട്. വിതുര പൊലീസിന്റെയും താവയ്ക്കൽ അപ്പൂപ്പൻകാവ് ക്ഷേത്രകമ്മിറ്റിയുടെ നേതൃത്വത്തിലാണ് ബലിതർപ്പണചടങ്ങുകൾ നടക്കുന്നത്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |