പൂവാർ: പൂവാർ ഗ്രാമപഞ്ചായത്തിന്റെ ഇടറോഡുകളിൽ മാലിന്യം തള്ളുന്നതായി പരാതി. അരുമാനൂർ-പൂവാർ റോഡിലെ കൈപ്പൂരി ഏലായുടെ ഭാഗത്തും വട്ടത്തുനട ഇടറോഡിലും മാലിന്യം നിറഞ്ഞിരിക്കുകയാണ്. ഒഴിഞ്ഞ പ്രദേശമായതിനാൽ സ്കൂട്ടറിലും മറ്റുമായി മാലിന്യങ്ങൾ പ്ലാസ്റ്റിക് കവറുകളിൽ കെട്ടിയാണ് വലിച്ചെറിയുന്നത്. മാലിന്യത്തിന്റെ അളവ് വർദ്ധിച്ചതോടെ പ്രദേശത്ത് കാൽനടയാത്രയും ദുസഹമാണ്.
മഴക്കാലമായതോടെ സ്കൂൾ കുട്ടികൾക്ക് ഇതുവഴി സഞ്ചരിക്കാൻ കഴിയുന്നില്ലെന്നാണ് നാട്ടുകാർ പറയുന്നത്. വട്ടത്തുനടയിൽ മെയിൻ റോഡിൽ നിന്ന് നടപ്പാതയിലേക്ക് കയറുന്ന ഭാഗം മാലിന്യക്കൂമ്പാരമാണ്. വീടുകളിൽ നിന്നുള്ള കന്നുകാലികളുടെ മാലിന്യങ്ങൾ ഓടകളിൽ നിറഞ്ഞതോടെ പ്രദേശത്ത് പകർച്ചവ്യാധി ഭീതിയുമുണ്ട്. ഗ്രാമപഞ്ചായത്തിന്റെ മഴക്കാലപൂർവ ശുചീകരണ പ്രവർത്തനങ്ങൾ കാര്യക്ഷമമായിരുന്നില്ലെന്ന ആക്ഷേപവുമുണ്ട്. കൈപ്പൂരിയും സമീപപ്രദേശങ്ങളെയും മാലിന്യമുക്തമാക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകിയിട്ടും നടപടിയുണ്ടായില്ല.
മാലിന്യങ്ങൾ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാക്കും
പൂവാർ ഗ്രാമപഞ്ചായത്തിന്റെ തീരദേശ മേഖല മാലിന്യത്തിൽ മുങ്ങിയിരിക്കുകയാണ്. തീരത്തെ മണൽ പരപ്പാകെ ഇലക്ട്രിക് വയറുകൾ, ബാറ്ററികൾ, മൊബൈൽ അവശിഷ്ടങ്ങൾ, പഴയ ടിവി, റേഡിയോ, സി.ഡികൾ, പ്ലാസ്റ്റിക്ക് കവറുകൾ, ചാക്കുകൾ, തുണികൾ, ഉപയോഗ ശൂന്യമായ പാഴ്വസ്തുക്കൾ,ആഹാര-അറവ് മാലിന്യങ്ങൾ എന്നിവ നിറഞ്ഞിരിക്കുകയാണ്. മാലിന്യങ്ങൾ ആരോഗ്യ പ്രശ്‌നങ്ങൾ സൃഷ്ടിക്കുമെന്ന ബോധ്യമുണ്ടായിട്ടും നടപടിയെടുക്കാൻ അധികൃതർക്കാവുന്നില്ല.
എല്ലായിടത്തും മാലിന്യക്കൂമ്പാരങ്ങൾ
മാലിന്യങ്ങൾ വർദ്ധിച്ചതോടെ തെരുവ് നായ്ക്കളുടെ എണ്ണവും വർദ്ധിച്ചു. മഴ പെയ്താൽ ഇടറോഡുകളിലെ കുഴികളിലും താഴ്ന്ന പ്രദേശങ്ങളിലും മലിനജലം ആഴ്ചകളോളം കെട്ടി നിൽക്കും. മണ്ണിൽ ലയിക്കാത്ത മാലിന്യങ്ങൾ ചാക്കുകളിൽ കെട്ടിയാണ് വലിച്ചെറിയുന്നത്. വ്യാപാര സ്ഥാപനങ്ങൾ, ഹോട്ടലുകൾ റെസ്റ്റോറന്റുകൾ എന്നിവിടങ്ങളിൽ നിന്നുള്ള മാലിന്യങ്ങൾ കൂടാതെ അന്യസംസ്ഥാനങ്ങളിൽ നിന്നും വില്പനയ്ക്ക് എത്തുന്ന മാംസങ്ങളും പഴക്കമുള്ള അഴുകിയ മീനും കൂട്ടത്തിലുണ്ടാകും. രാത്രികാലങ്ങളിൽ വാഹനങ്ങളിൽ കൊണ്ടുവരുന്ന മാലിന്യങ്ങൾ തീരപ്രദേശത്തെ ആളൊഴിഞ്ഞ സ്ഥലം നോക്കി വലിച്ചെറിയുകയാണ്.
പൊതുജനങ്ങളുടെ പരാതികൾ കൂടിയതോടെ ജൈവ, അജൈവ മാലിന്യങ്ങൾ സംസ്‌കരിക്കാൻ പഞ്ചായത്ത് പുതിയ പദ്ധതികൾ നടപ്പാക്കിയെങ്കിലും വിജയം കണ്ടില്ല. സർക്കാരിന്റെ ഗ്രീൻ ക്ലീൻ പദ്ധതിയും ഫലമുണ്ടായില്ല.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |