
തിരുവനന്തപുരം: ഉമ്മൻചാണ്ടി സർക്കാർ കേരളത്തിലെ ബാറുകൾ പൂട്ടിയെന്നത് വാട്‌സാപ് യൂണിവേഴ്‌സിറ്റിയിലെ കഥ മാത്രമാണെന്ന് മുൻ എക്‌സൈസ് മന്ത്രി എംബി രാജേഷ്. സൈബർ പോരാളികളുടെ ഇത്തരം കള്ളങ്ങൾ സഭയിൽ പറയുന്ന നിലവാരത്തിലേക്ക് മുഖ്യമന്ത്രി എത്തിയതിൽ കഷ്‌ടം തോന്നുന്നുവെന്നും എംബി രാജേഷ് പറഞ്ഞു.
'ഉമ്മൻചാണ്ടിയുടെ കാലത്ത് 748 ബാർ ഹോട്ടലുകൾ പ്രവർത്തിച്ചിരുന്നു. അന്ന് അബ്‌കാരി നയത്തിൽ മാറ്റം വന്നപ്പോൾ ഫൈവ് സ്റ്റാർ ക്ലാസിഫിക്കേഷൻ ഉണ്ടായിരുന്ന 29 ബാർ ലൈസൻസ് ഒഴികെയുള്ളവ റദ്ദാക്കി. ബാർകോഴ ആരോപണങ്ങളെത്തുടർന്ന് വിഎം സുധീരനുമായുണ്ടായ രാഷ്‌ട്രീയ ഏറ്റുമുട്ടലിന്റെ ഫലമായാണ് അബ്‌കാരി നയത്തിൽ മാറ്റം വരുത്തിയത്. അത് സുധീരനെ തോൽപിക്കാനും ബാർ കോഴയിൽനിന്ന് തടിയൂരാനുമായി ഗത്യന്തരമില്ലാതെ ഉമ്മൻചാണ്ടി ചെയ്‌ത കാര്യമാണ്'- എംബി രാജേഷ് പത്രസമ്മേളനത്തിൽ പറഞ്ഞു.
ഉമ്മൻചാണ്ടി 2011 മുതൽ 2014 വരെ ധാരാളം ബാർ ലൈസൻസുകൾ അനുവദിച്ചെന്നും ലൈസൻസ് നൽകിയതിൽ അഴിമതി നടന്നെന്ന് കണ്ടെത്തിയപ്പോൾ 2015ൽ മാത്രമാണ് അവ റദ്ദാക്കിയതെന്നും എംബി രാജേഷ് ആരോപിച്ചു. കൂടാതെ ബാർ ലൈസൻസുകൾ നഷ്‌ടപ്പെട്ട ഹോട്ടലുകൾക്കെല്ലാം ബിയർ, വൈൻ പാർലറുകൾ അനുവദിച്ചെന്നും എംബി രാജേഷ് പറഞ്ഞു. ഉമ്മൻചാണ്ടി സർക്കാർ അധികാരമൊഴിയുമ്പോൾ കേരളത്തിൽ 813 ബിയർ, വൈൻ പാർലറുകളും 306 ബെവ്‌കോ ഔട്ട്ലെറ്റുകളും സജീവമായി പ്രവർത്തിച്ചിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.
'ഉമ്മൻചാണ്ടിയുടെ കാലത്ത് ബിയർ, വൈൻ പാർലറുകളാക്കി മാറ്റിയ ബാറുകൾ ത്രീ സ്റ്റാർ ക്ലാസിഫിക്കേഷൻ കൈവരിച്ചപ്പോൾ ലൈസൻസ് പുതുക്കിനൽകുക മാത്രമാണ് എൽഡിഎഫ് ഗവൺമെന്റ് വന്നപ്പോൾ ചെയ്‌തത്. ഇതൊരു നിയമപരമായ ബാദ്ധ്യതയായിരുന്നു. അല്ലാതെ പുതിയ ബാറുകൾ വാരിക്കോരി നൽകിയതല്ല. പത്ത് വർഷം മുൻപ് 813 മദ്യശാലകൾ ഉണ്ടായിരുന്ന സ്ഥാനത്ത് 896 എണ്ണം മാത്രമാണുള്ളത്. അന്ന് എല്ലാം പൂട്ടി ഇപ്പോഴെല്ലാം തുറന്നുവെന്ന തരത്തിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന പ്രചാരണങ്ങൾ വസ്‌തുതാവിരുദ്ധമാണ്'- അദ്ദേഹം പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |