
തിരുവനന്തപുരം: കെഎസ്ആർടിസിയിലെ സൗജന്യയാത്രയുടെ ഉദ്ഘാടന ചടങ്ങിനിടെ തലയിൽ ചൂട് പായസം വീണ സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ചതിൽ പ്രതികരിച്ച് മന്ത്രി ബിന്ദു കൃഷ്ണ. പായസം വീണതിൽ അസ്വാഭാവികമായി ഒന്നുമില്ല. വീഡിയോ കണ്ട ലോകമെമ്പാടുമുള്ള മനുഷ്യർക്ക് ഇതറിയാമെന്നും മന്ത്രി വ്യക്തമാക്കി.
'ഒരാൾക്കൂട്ടത്തിൽ സംഭവിക്കാൻ സാദ്ധ്യതയുള്ളത് മാത്രമാണുണ്ടായത്. അതിൽ പരാതിയില്ല. സന്തോഷം പങ്കിടാൻ പായസം കൊണ്ടുവന്നപ്പോൾ കൈതട്ടി തലയിൽ വീണതാണ്. പൊലീസിൽ പരാതി കിട്ടിയാൽ അന്വേഷിക്കും. അന്വേഷണം ആവശ്യമില്ലെന്നുപറഞ്ഞ് ഡിജിപിക്ക് കത്ത് നൽകിയിട്ടുണ്ട്'- മന്ത്രി പറഞ്ഞു.
കൊല്ലം കെഎസ്ആർടിസി ഡിപ്പോയിൽ 'പ്രിയദർശിനി' യാത്ര ഉദ്ഘാടന ചെയ്ത ശേഷം ബസിൽ യാത്ര ചെയ്യവെയാണ് മന്ത്രിയുടെ തലയിൽ പായസം വീണത്. യൂത്ത് കോൺഗ്രസ് ജില്ലാ അദ്ധ്യക്ഷന്റെ നേതൃത്വത്തിൽ നടന്ന പായസവിതരണത്തിനിടെയായിരുന്നു സംഭവം. ബസിനുള്ളിൽ യുഡിഎഫ് പ്രവർത്തകരുടെയും യാത്രക്കാരുടെയും വലിയ തിരക്കുണ്ടായിരുന്നു. തിക്കിലും തിരക്കിലും പായസം നിറച്ച പാത്രം അറിയാതെ മന്ത്രിയുടെ ദേഹത്ത് വീഴുകയായിരുന്നു.
ഉടനെ കൂടെയുണ്ടായിരുന്നവർ ഷാളും മറ്റും ഉപയോഗിച്ച് മന്ത്രിയുടെ മുഖവും തലയും വൃത്തിയാക്കി. തുടർന്ന് ചിന്നക്കടവ് വരെ ബസിൽ യാത്ര ചെയ്ത് മന്ത്രി മടങ്ങുകയായിരുന്നു. പിന്നീട് ടൗണിലെ ഫ്ളാറ്റിലെത്തി കുളിച്ച് വസ്ത്രം മാറിയാണ് ഔദ്യോഗിക പരിപാടികൾക്ക് പോയത്. സംഭവത്തെ തുടർന്ന് ബിന്ദു കൃഷ്ണയ്ക്ക് പൊള്ളലേറ്റില്ലെന്നാണ് വിവരം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |