
തിരുവനന്തപുരം: എസ്‌എഫ്‌ഐ ഇന്നലെ നടത്തിയ സെക്രട്ടറിയേറ്റ് മാർച്ചിനിടെ പ്രവർത്തകർ ബ്ലേഡ് ഉപയോഗിച്ച് ബാരിക്കേഡ് കെട്ടിയിരുന്ന കയറുകൾ അറുത്ത് മാറ്റിയെന്ന് എഫ്‌ഐആർ. സംസ്ഥാന ഭാരവാഹികൾ ഉൾപ്പെടെ പത്തുപേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പൊതുമുതലായ കയർ അറുത്തതിലൂടെ 10,000 രൂപയുടെ നഷ്‌ടമുണ്ടായെന്നാണ് എഫ്‌ഐആറിൽ പറയുന്നത്.
സഹകരണ വിദ്യാഭ്യാസ മേഖലയിലെ ഫീസ് വർദ്ധനവിനെതിരെയാണ് ഇന്നലെ എസ്‌എഫ്‌ഐ മാർച്ച് നടത്തിയത്. മാർച്ചിനിടെ പൊലീസിനെ അസഭ്യം പറയുകയും ഭീഷണിപ്പെടുത്തുകയും പൊതുമുതൽ നശിപ്പിക്കുകയും ചെയ്‌തെന്നും എഫ്‌ഐആറിൽ ചൂണ്ടിക്കാട്ടുന്നു. സിവിൽ പൊലീസ് ഓഫീസർമാരുടെ ശരീരത്തിൽ മുറിവേൽപ്പിച്ചെന്നും 'ശവം പോലും വീട്ടുകാർക്ക് കിട്ടാത്ത രീതിയിൽ കാണിച്ചുതരാം' എന്ന് ആക്ഷേപിച്ചുവെന്നും എഫ്‌ഐആറിൽ പറയുന്നുണ്ട്.
അതേസമയം, എസ്‌എഫ്‌ഐ മാർച്ചിൽ ആരാണ് ബ്ലേഡ് കൊണ്ടുവന്നതെന്ന് അന്വേഷിക്കുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. പൊലീസ് ബ്ലേഡ് കൊണ്ടുവന്നിട്ടില്ല. ലാത്തിയും തോക്കും കൈവശമുള്ള അവർക്കെന്തിനാണ് ബ്ലേഡെന്നും അദ്ദേഹം ചോദിച്ചു.
ഇരുപതോളം പ്രവർത്തകർക്ക് ആക്രമണത്തിൽ പരിക്കേറ്റെന്നാണ് എസ്എഫ്ഐയുടെ ആരോപണം. ബ്ലേഡ് കൊണ്ടുള്ള ആക്രമണത്തിൽ പെൺകുട്ടികൾക്കും പരിക്കുണ്ടെന്നും ഇവർ പറയുന്നു. കോവളം ഏരിയാ കമ്മിറ്റി അംഗം അശ്വിന്റെ മുതുകിൽ പൊലീസ് ബ്ലേഡ് കൊണ്ട് വരഞ്ഞെന്നും വിതുര ഏരിയാ ജോയിന്റ് സെക്രട്ടറിക്കും പരിക്കേറ്റെന്നും എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പി എസ് സഞ്ജീവ് പറഞ്ഞു. എന്നാൽ, മാർച്ചിനിടെ എസ്എഫ്ഐ പ്രവർത്തകർ ബ്ലേഡ് ഉപയോഗിച്ച് പൊലീസിനെയാണ് ആക്രമിച്ചതെന്നും ബ്ലേഡ് കൊണ്ടുവന്നത് ആരാണെന്ന് കണ്ടെത്താൻ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |