
തൃശൂർ: അനാശാസ്യ കേന്ദ്രത്തിലെ മർദ്ദനമേറ്റ് ചികിത്സയിലായിരുന്ന അന്യസംസ്ഥാന തൊഴിലാളി മരിച്ചു. ഒഡീഷ സ്വദേശിയായ ദൻപത് നായിക്കാണ് (27) ഇന്നലെ പുലർച്ചെ മരിച്ചത്. ഹോട്ടൽ തൊഴിലാളിയായിരുന്നു. സംഭവത്തിൽ അസാം, ഒഡിഷ സ്വദേശികളായ നസ്രിൻ, മാസുമ, റുബീന ബീഗം, മാസുനി, മൊഹന്തി നായിക്, ഹുസൈൻ എന്നിവരെ തൃശൂർ ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. രണ്ടുപേരെക്കൂടി പിടിക്കാനുണ്ട്. ഒരാൾ അസാമിലേക്ക് കടന്നെന്നാണ് സൂചന.
തൃശൂരിലെ കോരപ്പത്ത് ലൈനിൽ അന്യ സംസ്ഥാനക്കാർ നടത്തുന്ന അനാശാസ്യ കേന്ദ്രത്തിൽ 18ന് രാത്രി പത്തിനായിരുന്നു സംഭവം. അന്യ സംസ്ഥാനക്കാർക്ക് മാത്രമായിരുന്നു പ്രവേശനം. ദൻപതിനൊപ്പം ഇവിടെയെത്തിയ രണ്ടുപേർക്കും മർദ്ദനമേറ്റു.
തൊഴിലാളികൾക്ക് താമസിക്കാനെന്ന പേരിൽ വാടകയ്‌ക്കെടുത്ത കെട്ടിടത്തിലാണ് അനാശാസ്യ കേന്ദ്രം നടത്തിയിരുന്നത്. ഇവിടെയെത്തിയ ദൻപത് നായിക്കും ഒപ്പമുണ്ടായിരുന്ന രണ്ട് ഹോട്ടൽ തൊഴിലാളികളും ഇടപാടിൽ തൃപ്തരല്ലെന്ന് പറഞ്ഞ് പണം മടക്കി ചോദിച്ചു. ഇല്ലെങ്കിൽ വിവരം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തി ബഹളം വച്ചു.
തുടർന്നാണ് നടത്തിപ്പുകാരായ എട്ടംഗ സംഘം ഇടിവള അടക്കമുള്ള മാരകായുധങ്ങൾ ഉപയോഗിച്ച് മൂവരെയും ക്രൂരമായി മർദ്ദിച്ചത്. പരിക്കേറ്റ മൂവരെയും പ്രതികളാണ് കാറിൽ കോട്ടപ്പുറത്തെ താമസസ്ഥലത്ത് എത്തിച്ചത്. എന്നാൽ നാണക്കേട് ഭയന്ന് പരിക്കേറ്റവർ അന്ന് ആശുപത്രിയിൽ പോയില്ല. പിറ്റേദിവസമാണ് ചികിത്സ തേടിയത്. തലയ്‌ക്കേറ്റ ഗുരുതര പരിക്കിനെ തുടർന്നുണ്ടായ ആന്തരിക രക്തസ്രാവമാണ് ദൻപത് നായിക്കിന്റെ മരണ കാരണം.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |