തൃശൂർ: സാംസ്‌കാരിക തലസ്ഥാനത്തിന് തിലകക്കുറിയായി തൃശൂരിൽ ജോൺസൺ മാസ്റ്ററുടെ പേരിൽ പുതിയ സംഗീത അക്കാഡമി വരുന്നു. സംസ്ഥാന ബഡ്ജറ്റിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനം വന്നത്. അക്കാഡമിയുടെ പ്രാഥമിക പ്രവർത്തനങ്ങൾക്കായി അഞ്ച് കോടി രൂപ നീക്കിവച്ചിട്ടുണ്ട്. സാഹിത്യ അക്കാഡമി, സംഗീത നാടക അക്കാഡമി, ലളിതകലാ അക്കാഡമി, കേരള കലാമണ്ഡലം എന്നിവയ്ക്ക് പുറമെയാണ് ജില്ലയിലേക്ക് പുതിയൊരു അക്കാഡമി ഇതോടെയെത്തും.
മലയാളത്തിന്റെ 'ജോൺ വില്യംസ്' എന്നറിയപ്പെടുന്ന ജോൺസൺ മാസ്റ്റർ തൃശൂർ നെല്ലിക്കുന്നിലാണ് ജനിച്ചത്. 1968ൽ സുഹൃത്തുക്കളോടൊപ്പം 'വോയ്സ് ഓഫ് തൃശൂർ' എന്ന സംഗീത ക്ലബ് രൂപീകരിച്ചായിരുന്നു തുടക്കം. ഹാർമോണിയം, ഗിത്താർ, ഫ്‌ളൂട്ട്, ഡ്രംസ്, വയലിൻ തുടങ്ങിയ ഉപകരണങ്ങളിൽ പ്രതിഭ തെളിയിച്ച അദ്ദേഹം പി. ജയചന്ദ്രൻ, മാധുരി തുടങ്ങിയവരുടെ ഗാനമേളകൾക്ക് പിന്നണി വാദ്യം ഒരുക്കിയിരുന്നു.
ജയചന്ദ്രൻ വഴിയാണ് ജി. ദേവരാജൻ മാസ്റ്ററെ പരിചയപ്പെടുന്നതും ചലച്ചിത്ര ലോകത്തേക്ക് എത്തുന്നതും. 1978ൽ ഭരതന്റെ 'ആരവം' എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംഗീത സംവിധായകനായി. 2011 ലാണ് അദ്ദേഹം അന്തരിച്ചത്.
സ്വാഗതം ചെയ്ത് ജോൺസൺ ഫൗണ്ടേഷൻ
ജോൺസൺ മാസ്റ്ററുടെ സ്മരണാർത്ഥം മ്യൂസിക് അക്കാഡമി സ്ഥാപിക്കുമെന്ന ബഡ്ജറ്റ് പ്രഖ്യാപനത്തെ ജോൺസൺ ഫൗണ്ടേഷൻ സ്വാഗതം ചെയ്തു. നൽകിയ ഉറപ്പ് യാഥാർത്ഥ്യമാക്കിയ സർക്കാർ നടപടി ഏറെ പ്രശംസനീയമാണെന്ന് ഫൗണ്ടേഷൻ ചെയർമാൻ എം.പി. വിൻസെന്റും കൺവീനർ ഔസേപ്പച്ചനും പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |