തൃശൂർ: മഴക്കാലമെത്തിയതോടെ ഒച്ചുകൾ പെരുകുന്നു. മുൻ വർഷങ്ങളിലും ജില്ലയുടെ വിവിധ പ്രദേശങ്ങളിൽ ആഫ്രിക്കൻ ഒച്ചുകളുടെ ഉപദ്രവം രൂക്ഷമായിരുന്നു. പതിനായിരക്കണക്കിന് ഒച്ചുകളാണ് ഓരോ പ്രദേശത്തും പെരുകുന്നത്. പറമ്പുകളും കാനകളുമൊക്കെ കടന്ന് ഈ ഒച്ചുകളിപ്പോൾ വീടുകളുടെ ചുമരിലും വീട്ടകകങ്ങളിലും വരെയുമെത്തി. ചാലക്കുടി, വടക്കെത്തറ, പഴയന്നൂർ, പാറളം തുടങ്ങിയ പ്രദേശങ്ങളിലാണ് ഒച്ചിന്റെ ശല്യമേറെയും.
മഴക്കാലത്ത് ഒച്ചിനെ തുരത്താൻ പഠിച്ച പണി പതിനെട്ടും പയറ്റിയാലും കാര്യമില്ലെന്നതാണ് മറ്റൊരു കാര്യം. ഒരു ആഫ്രിക്കൻ ഒച്ചിന് ഒരു സമയത്ത് നൂറ് കണക്കിന് മുട്ടകളിടാനാകും. ഇലകൾക്കിടയിലും മണ്ണിലെ ചെറു കുഴികളിലുമൊക്കെ മുട്ടയിടുന്നതിനാൽ ശ്രദ്ധയിൽപ്പെടില്ല. ദിവസങ്ങൾക്കം ഒരു ആഫ്രിക്കൻ ഒച്ചിൽ നിന്ന് ആയിരക്കണക്കിന് കുഞ്ഞുങ്ങൾ പുറത്തെത്തും.
മുമ്പ് കണ്ടതിനേക്കാൾ ഭീമന്മാരായ ഒച്ചുകളാണ് ഇപ്പോൾ പലയിടത്തുമുള്ളത്. തോട്ടങ്ങളുള്ള പ്രദേശങ്ങളിലും കൃഷിത്തോട്ടങ്ങളിലുമെല്ലാം ഇവ വിഹരിക്കുന്നുണ്ട്. പലയിടത്തും പയർ, പാവൽ, വെണ്ട, കപ്പ, ചേന, വാഴ, മത്തൻ തുടങ്ങിയ പച്ചക്കറി കൃഷികളെല്ലാം തിന്നു നശിപ്പിക്കുന്നു.
സൂക്ഷിക്കണമെന്ന് വിദഗ്ദ്ധർ
മാരകമായ മെനിഞ്ചൈറ്റിസ് രോഗം പടരാൻ വരെ ഒച്ചുകൾ കാരണമാകുമെന്ന് വിദഗ്ദ്ധർ. ഒച്ച് പേരുകിയതോടെ രാവിലെയും വൈകിട്ടും ഒച്ചിനെ തുരത്താനുള്ള ശ്രമം ജനങ്ങൾ വീണ്ടും ആരംഭിച്ചു.
ശ്രദ്ധിക്കാൻ...
കൈയ്യുറകൾ ഇട്ടശേഷമേ നശിപ്പിക്കാൻ ഇറങ്ങാവൂ
ശ്രവം ശരീരത്തിലേൽക്കരുത്
കുട്ടികൾ ഒച്ചുകളുടെ അടുത്തേക്ക് പോകാതിരിക്കാൻ ശ്രദ്ധിക്കണം
തുരത്താൻ
ഉപ്പ്, ബ്ലിച്ചിംഗ് പൗഡർ എന്നിവ വിതറുക. പഴത്തൊലി, പപ്പായ, ഇല എന്നിവയിൽ മൈദ പുരട്ടിവെച്ചാൽ ഇവ ആകർഷിക്കപ്പെടും. പിന്നീട് പുകയില കഷായം തളിച്ച് കൊല്ലാം. പുകയില കഷായം നേരിട്ടും പ്രയോഗിക്കാം.
ജോലി കഴിഞ്ഞു ചെന്നാൽ ഇപ്പോൾ പ്രധാന പണി ഒച്ചിനെ കൊല്ലുക എന്നുള്ളതാണ്. വീടിനുള്ളിലേക്ക് വരാതിരിക്കാനാണ് ശ്രമിക്കുന്നത്
- അനില, വീട്ടമ്മ, കൊടുങ്ങല്ലൂർ
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |