SignIn
Kerala Kaumudi Online
Thursday, 25 June 2026 2.59 AM IST

ആദർശ രാഷ്ട്രീയത്തിന്റെ ആൾരൂപം

p

പി. വിശ്വംഭരന്റെ നൂറ്റൊന്നാം ജന്മവാർഷിക ദിനമാണ് ഇന്ന്

കേരളത്തിന്റെ പൊതുജീവിതത്തിൽ സത്യസന്ധതയുടെയും ത്യാഗത്തിന്റെയും ആദർശരാഷ്ട്രീയത്തിന്റെയും ആൾരൂപമായി നിലകൊണ്ട നേതാക്കളിലെ അവസാന കണ്ണികളിലൊരാളായിരുന്നു പി.വിശ്വംഭരൻ. സാമൂഹികപരിഷ്‌കർത്താവ്, സ്വാതന്ത്ര്യസമര സേനാനി, സോഷ്യലിസ്റ്റ് നേതാവ്, നിയമസഭ-ലോക്സഭാംഗം, പത്രപ്രവർത്തകൻ, ട്രേഡ് യൂണിയൻ പ്രവർത്തകൻ എന്നിങ്ങനെ നിരവധി വിശേഷണങ്ങൾ അദ്ദേഹത്തോടൊപ്പം ചേർത്തുവയ്ക്കാമെങ്കിലും അവയൊന്നും അദ്ദേഹത്തിന്റെ വ്യക്തിത്വത്തെ പൂർണമായി അടയാളപ്പെടുത്തുന്നില്ല. കാരണം, അദ്ദേഹം ആദ്യന്തം ഒരു രാഷ്ട്രീയപ്രവർത്തകൻ മാത്രമായിരുന്നില്ല; മൂല്യങ്ങളെ ജീവിതത്തിന്റെ കേന്ദ്രമാക്കിയ ഒരു മാതൃകാ പൊതുപ്രവർത്തകനായിരുന്നു.


1925 ജൂൺ 25ന് തിരുവനന്തപുരം ജില്ലയിലെ കോവളത്തിനടുത്തുള്ള വെള്ളാർ ഗ്രാമത്തിൽ പത്മനാഭന്റെയും ചെല്ലമ്മയുടെയും മകനായാണ് വിശ്വംഭരൻ ജനിച്ചത്. ശ്രീനാരായണഗുരുവിന്റെയും അയ്യങ്കാളിയുടെയും സാമൂഹിക നവോത്ഥാന പ്രസ്ഥാനങ്ങളുടെ ശക്തമായ സ്വാധീനമുണ്ടായിരുന്ന പ്രദേശമായിരുന്നു അത്. ഇരുവരുടെയും അടുത്ത അനുയായികളിലൊരാളായിരുന്നു അദ്ദേഹത്തിന്റെ പിതാവ്. അതുകൊണ്ടുതന്നെ സാമൂഹികസമത്വത്തിന്റെയും മനുഷ്യാഭിമാനത്തിന്റെയും ആശയങ്ങൾ ബാല്യത്തിലേ
വിശ്വംഭരന്റെ മനസിൽ വേരൂന്നി.


1942ലെ ക്വിറ്റ് ഇന്ത്യ സമരമാണ് വിശ്വംഭരന്റെ രാഷ്ട്രീയജീവിതത്തിന്റെ തുടക്കം.മഹാത്മാഗാന്ധി, ജയപ്രകാശ് നാരായൺ, ആചാര്യ നരേന്ദ്രദേവ്, ഡോ.രാംമനോഹർ ലോഹ്യ തുടങ്ങിയ നേതാക്കളുടെ ചിന്തകൾ അദ്ദേഹത്തെ ആഴത്തിൽ സ്വാധീനിച്ചു. ഗാന്ധിയൻ അഹിംസയും സോഷ്യലിസ്റ്റ് മൂല്യങ്ങളും സമന്വയിപ്പിച്ച ജീവിതദർശനമാണ് അദ്ദേഹം സ്വീകരിച്ചത്. അതുകൊണ്ടുതന്നെ അദ്ദേഹം 'ഗാന്ധിയൻ സോഷ്യലിസ്റ്റ്' എന്നപേരിൽ അറിയപ്പെട്ടു.

രാഷ്ട്രീയത്തിൽ സത്യസന്ധതയും വ്യക്തിജീവിതത്തിൽ ലാളിത്യവും ഒരുപോലെ കാത്തുസൂക്ഷിച്ചു. 1956ൽ പ്രജാസോഷ്യലിസ്റ്റ്പാർട്ടിയുടെയും തുടർന്ന് സംയുക്ത സോഷ്യലിസ്റ്റ്പാർട്ടിയുടെയും ജനറൽസെക്രട്ടറിയായി. പിന്നീട് സോഷ്യലിസ്റ്റ്പാർട്ടി, ജനതാപാർട്ടി, ജനതാദൾ എന്നിവയുടെ സംസ്ഥാന അദ്ധ്യക്ഷനായി. 1973ൽ രൂപംകൊണ്ട
ഇടതുമുന്നണിയുടെ ആദ്യ കൺവീനറായിരുന്നു.

അടിയന്തരാവസ്ഥയ്ക്കെതിരായ പോരാട്ടത്തിലും മുൻനിരയിലുണ്ടായിരുന്നു. പത്രപ്രവർത്തനവും ട്രേഡ് യൂണിയൻ പ്രവർത്തനവും അദ്ദേഹത്തിന്റെ പൊതുജീവിതത്തിലെ മറ്റൊരു പ്രധാന അദ്ധ്യായമാണ്. അധികാരത്തിനുവേണ്ടിയല്ല, ആദർശങ്ങൾക്കുവേണ്ടിയാണ് വിശ്വംഭരൻ ജീവിതം മുഴുവൻ നിലയുറപ്പിച്ചത്. 2016 ഡിസംബർ 9ന് അദ്ദേഹം നമ്മെ വിട്ടുപിരിഞ്ഞെങ്കിലും പി.വിശ്വംഭരൻ എന്നപേര് കേരളത്തിന്റെ രാഷ്ട്രീയസാമൂഹിക ചരിത്രത്തിൽ ഇന്നും പ്രകാശസ്തംഭമായി നിലകൊള്ളുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA