
കൊച്ചി: മൈക്രോ ഫിനാൻസിന്റെ പേരിൽ തന്നെ ഭീഷണിപ്പെടുത്തേണ്ടെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പദ്മഭൂഷൺ പുരസ്കാരം ഏറ്റുവാങ്ങി ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ അദ്ദേഹം, എറണാകുളം ടൗൺഹാളിൽ യോഗത്തിന്റെ ജില്ലയിലെ ഒമ്പത് യൂണിയനുകൾ സംയുക്തമായി നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു.
ഈഴവ സമുദായത്തിലെ സാധാരണക്കാർക്ക് മൈക്രോ ഫിനാൻസിലൂടെ ആയിരക്കണക്കിന് കോടി രൂപയാണ് വിതരണം ചെയ്തത്.. പദ്മ പുരസ്കാരം സ്വീകരിക്കുന്ന വേളയിൽ അതിന്റെ ശോഭ കെടുത്താൻ യാഥാർത്ഥ്യം മനസിലാക്കാതെ, വിഷയം പഠിക്കാതെ ചില ചാനലുകളിൽ ഏകപക്ഷീയമായി ചർച്ചകൾ നടത്തിയിട്ടും കേസ് കൊടുത്തിട്ടും ഒന്നും നടന്നില്ല. ഇതിന് പിന്നിൽ കളിച്ചവർക്കുള്ള മറുപടിയാണ് തന്നെ അനുമോദിക്കാനെത്തിയ ജനസഞ്ചയം.
തന്നെ അധിക്ഷേപിക്കുന്നവർക്ക് യോഗത്തിൽ ഒരു സ്വാധീനവുമില്ല. ഈഴവന്റെ വളർച്ച തടയുന്നത് ഇത്തരം കുലം കുത്തികളാണ്. സാമൂഹ്യനീതിക്കും ജനസംഖ്യാനുപാതികമായ രാഷ്ട്രീയ, വിദ്യാഭ്യാസ, സാമ്പത്തിക അവകാശങ്ങൾക്കും വേണ്ടിയാണ് താൻ സംസാരിച്ചത്.
ജാതിയുടെ പേരിൽ നീതി നഷ്ടപ്പെടുമ്പോൾ ജാതി പറയാൻ നിർബന്ധിതരാകും. സാമൂഹ്യ നീതിക്ക് വേണ്ടിയാണ് ജാതി പറയുന്നത്. യോഗം നേതാക്കളെ ആക്ഷേപിച്ചാൽ അതേ നാണയത്തിൽ തിരിച്ചടിക്കും. മുസ്ലിങ്ങളോട് തനിക്ക് വിരോധമില്ല. മുസ്ലിം ലീഗിന്റെ വിവേചനത്തെയും വർഗീയതയെയുമാണ് മലപ്പുറത്ത് കണക്കു പറഞ്ഞ് വിമർശിച്ചത്. അതിന് തന്നെ മുസ്ലി വിരോധിയായി ചിത്രീകരിക്കുകയാണ്. അതിലൊന്നും താൻ പതറില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.
എറണാകുളം ടൗൺഹാളും പരിസരവും തിങ്ങിനിറഞ്ഞ ആയിരക്കണക്കിന് യോഗം പ്രവർത്തകരുടെ സാന്നിദ്ധ്യത്തിലായിരുന്നു സ്വീകരണം. പദ്മഭൂഷൺ പുരസ്കാരം യോഗം പ്രവർത്തകർക്ക് സമർപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യോഗം പ്രസിഡന്റ് ഡോ.എം.എൻ. സോമൻ അദ്ധ്യക്ഷത വഹിച്ചു. ദേവസ്വം സെക്രട്ടറി അരയാക്കണ്ടി സന്തോഷ് മുഖ്യപ്രഭാഷണം നടത്തി. യോഗം കൗൺസിലർ പി.ടി. മന്മഥൻ ആമുഖ പ്രഭാഷണം നടത്തി. പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പിള്ളി സ്വാഗതം ആശംസിച്ചു. എസ്.എൻ. ട്രസ്റ്റ് ബോർഡ് അംഗം പ്രീതി നടേശൻ ഭദ്രദീപം തെളിച്ചു. എസ്.എൻ. ട്രസ്റ്റ് ട്രഷറർ ഡോ.ജി. ജയദേവൻ, ട്രസ്റ്റ് എക്സിക്യുട്ടീവ് കമ്മിറ്റിയംഗങ്ങളായ മോഹൻ ശങ്കർ, കെ. പത്മകുമാർ, പി. സുന്ദരം, ഡോ. ആനന്ദരാജ്, ഡി. പ്രേംരാജ് തുടങ്ങിയവരും പങ്കെടുത്തു.
വെള്ളാപ്പള്ളി പ്രധാനമന്ത്രിയെ സന്ദർശിച്ചു
കൊച്ചി: എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറിയും എസ്.എൻ ട്രസ്റ്റ് സെക്രട്ടറിയുമായ വെള്ളാപ്പള്ളി നടേശൻ രാഷ്ട്രപതിയിൽ നിന്ന് പദ്മഭൂഷൺ പുരസ്കാരം സ്വീകരിച്ചതിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി രാഷ്ട്രപതി ഭവനിൽ കൂടിക്കാഴ്ച നടത്തി. യോഗം വൈസ് പ്രസിഡന്റ് തുഷാർ വെള്ളാപ്പള്ളി, എസ്.എൻ. ട്രസ്റ്റ് ബോർഡംഗം പ്രീതി നടേശൻ, മകൾ വന്ദന ശ്രീകുമാർ, മരുമകൻ ശ്രീകുമാർ, പന്തളം യൂണിയൻ പ്രസിഡന്റ് അഡ്വ. സിനിൽ മുണ്ടപ്പള്ളി എന്നിവർ ഒപ്പമുണ്ടായിരുന്നു. 50 കിലോ തൂക്കമുള്ള തിരുപ്പതി ബാലാജിയുടെ വെങ്കല പ്രതിമയും ശ്രീനാരായണ ഗുരുദേവ ദർശനത്തിന്റെ വിവിധ വോള്യങ്ങൾ അടങ്ങിയ പുസ്തകങ്ങളും കസവിൽ തയ്യാറാക്കിയ ഷാളും സമ്മാനിച്ചു. 20 മിനിട്ടോളം കൂടിക്കാഴ്ച നീണ്ടു. വെള്ളാപ്പള്ളി നടേശൻ സമൂഹത്തിനു നൽകിയ സേവനങ്ങൾ പ്രശംസനീയമാണെന്നും ഗുരുദേവ ദർശനം എന്നും വഴികാട്ടിയാണെന്നും പ്രധാനമന്ത്രി പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |